പണ്ടേ മറന്നു ഞാന്‍ നിന്നെ

കനലായെരിച്ചു ഞാന്‍ നിന്നെ

താഴിട്ടടച്ചു ഞാന്‍ നിന്നോര്‍മ്മ-

കളെന്‍ ചിപ്പിക്കുള്ളില്‍ ഭദ്രമായ്.

പിന്നെയുമെന്തിനു വന്നു നീ, തിര

തല്ലി വീണ്ടുമണയുന്നെന്‍ മാര്‍ഗ്ഗേ

ഇതൊരു നിമിത്തമോ നിയോഗമോ

അതോ എന്‍ മുന്നിലെ വഴിവിളക്കോ?

 

അറിഞ്ഞു ഞാന്‍ മറന്നു വെച്ചതെന്തോ,അതിന്നെന്നെത്തേടി അരികത്തണഞ്ഞപ്പോളറിയുന്നു ഞാനെന്‍ ആകാശഗംഗയെ.

തണുപ്പിന്‍ മൂടുപടമകറ്റി, മെല്ലെ

യെണീറ്റു ഞാന്‍, നിന്നെയലട്ടാതെ.

അന്നേരമാമിഴിയിണകളനങ്ങിയോ

എനിക്കായെന്തോ മന്ത്രിച്ചുവോ?

നിന്‍ ചുണ്ടിലെ ഹിമകണമാവാന്‍

വെമ്പിയെന്‍ മനസ്സിനെയടക്കി വീണ്ടു

മുണര്‍ന്നു ഞാന്‍, ഇത്തിരിവെട്ടത്തിലേ-

ക്കൊരലസമാം മഞ്ഞുതുള്ളിയായ്.

ഞാനാണു നീയെന്നഹന്തയോ

നിന്നെയേറ്റം ഭ്രമിപ്പിച്ചിടുന്നു

ഞാനെന്ന സത്യം ക്ഷണികമെ

ന്നെന്തേ നീയിനിയുമറിഞ്ഞതില്ല

മേനി തന്‍ പുറംമോടി മിനുക്കി

ത്തുടച്ചു ഞാന്‍ ലയിപ്പിച്ചിടാം

നിന്നെയാവോള, മെന്‍വരുതി

യെലെന്നുമെന്‍ മനസ്സേ നിന്നെ

ഞാന്‍ പൂജിച്ചിടാം, ഞാനെന്ന

ദേഹി തന്‍ പ്രാണന്‍ വിടയാവോളം

മനസ്സേ നിന്നെ ഞാന്‍ കുടിയിരുത്താമന്യ

യാമൊരു ദേഹിയെത്തേടി നീയകലുവോളം

എന്നെപ്പുണരും കാര്‍മുകില്‍ വിരഹമൊരു

മഴയായെങ്കിലെന്നേറെ കൊതിച്ചു ഞാന്‍

പാതി കൂമ്പിയ മിഴികളേറെ പണിപ്പെട്ടു

തുറന്നിട്ടുമൊന്നും കാണാനില്ലാതുഴന്നു ഞാന്‍

ഇരുട്ടിനെ ഭേദിച്ചൊരു മിന്നല്പ്പിണരായെന്‍

പ്രാണന്‍ പുറത്തിറങ്ങിയെങ്കില്‍….

..രാവന്തിയോളം നിന്നെത്തേടിയലഞ്ഞൊരു

രാപ്പാടി പിന്നെയും നിശബ്ദമായ് പാടീ:

“നിന്‍റെ മാര്‍ഗ്ഗം പ്രണയമോ പ്രതികാരമോ,

എന്തിനെന്നെ നീ കൊല്ലാതെ കൊല്ലുന്നു”

ഒരു വാക്കിലുമുരുകാത്ത

ശിലയാവാനാശിച്ചു ഞാന്‍

ഒരു നോക്കിലുമലിയാത്ത

ശില്പ്പമാവാനോര്‍ത്തു ഞാന്‍.

ഓരോ ശിലയിലുമാത്മാവു കണ്ട

നാളൊരു ശില്പ്പിയായി ഞാന്‍.

ശിലയാവാന്‍ കൊതിച്ചു ഞാന്‍

ശില്പ്പമാവാന്‍ കൊതിച്ചു ഞാന്‍

ശിലയില്‍ ശില്പ്പം പണിയുമൊരു

കല്‍മണ്ഡപത്തിന്‍ ശില്പ്പിയായി ഞാന്‍.

സൂര്യനണയും നേരമൊരുതിരി

വെട്ടം തെളിച്ചു ഞാനിന്നലെ-

യെന്‍ ദൈവങ്ങള്‍ക്കു കൂട്ടായ്.

അന്നേരമെന്‍ കണ്‍മുന്നില്‍ വന്നു

പതിച്ചാ, ദീപത്തിനുള്ളിലാ-

യൊരു പാവമാം നിശാശലഭം.

ഇനിയുമുരുകാത്ത നെയ്ത്തിരി

തന്നോരത്തായ് കര കയറാന്‍ വഴി-

യില്ലാതുഴന്നൊരു മിണ്ടാപ്രാണി.

പൊള്ളുമെന്നോര്‍ത്തില്ലന്നേരം ഞാന്‍

നീട്ടിയ വിരല്‍ത്തുമ്പിലേറിയാ ശലഭം

വീണ്ടുമൊരു പുതുലോകത്തിനായ്.

 

ശരത്കാലസന്ധ്യതന്‍ കുളിരിലിന്നെന്നമ്മ-

തന്നുദരത്തില്‍ വെട്ടം വിടരും നാളെയെ

പൂകുവാന്‍ ധ്യാനിച്ചു ഞാനുറങ്ങി.

കനിവിന്‍ നനവൂറുമായിരം നയനങ്ങ-

ളൊന്നൊന്നായ് മിന്നിമറഞ്ഞെന്‍

കനവിലും നിനവിലും.

നാളെയാ മിഴികളിന്‍ തലോടലിലെന്‍

ചുണ്ടില്‍ വിടരും മലരിന്‍ നറു-

മണമോ അവര്‍ക്കേറ്റം പ്രിയം

വിടരാന്‍ വെമ്പുമൊരാമ്പലിന്‍ മുകുളമായ്

വൈകാതെയണയും നിലാവിനെ

ധ്യാനിച്ചു വീണ്ടും ഞാനുറങ്ങി..

let me update this post with the translated version.

considering the request of my friends, I tried to translate this into English.

but I am understanding that it is really difficult to translate the emotions…I am sorry if I made it too bad 🙁 

Baby in it’s mother’s womb

Enjoying the cold evening, I slept

In my mother’s womb awaiting

To see the morning sun.

Thousands of sweetie sweetie eyes

Flashed one after another

In my Lovely dreams.

Is it the roses upon my lips,

Bloomed with their pats

Which they like the most.

Again I slept in my prayers as if

Like a bloom of water lily

Expecting to wake up soon.