ഒരാള്‍ക്ക് രണ്ടുപേരെ പ്രേമിക്കാന്‍ കഴിയുമോ, ആത്മാര്‍ഥമായി തന്നെ? പക്ഷെ ആത്മാര്‍ഥതയെ എങ്ങനെ നിര്‍വചിക്കും? ആ നിര്‍വചനം അടിസ്ഥാനമാക്കിയായിരിക്കും എന്‍റെ ചോദ്യത്തിന്‍റെ ഉത്തരം. രണ്ടുപേരെ പ്രേമിക്കാന്‍ കഴിയുന്നെങ്കില്‍ അതില്‍ ആത്മാര്‍ഥത ഉണ്ടാവില്ലെന്നാണു എനിക്ക് തോന്നുന്നത്. എന്നാലും ആത്മാര്‍ഥതയുടെ അര്‍ഥം ഒന്നു മാറ്റിപ്പിടിച്ചാല്‍ അങ്ങിനെ കഴിയില്ലേ? അവിടെ സത്യത്തില്‍ ചതിയോ വഞ്ചനയോ ഇല്ലല്ലോ, ഉള്ളതു സ്നേഹം മാത്രം അല്ലേ, എന്നും ചിന്തിക്കാമല്ലോ?

പിന്നെയുള്ളത് നമ്മുടെ സമൂഹത്തിന്‍റെ വീക്ഷണമാണ്. ഒരേ സമയം രണ്ടുപേരെ പ്രേമിച്ചു നടന്നാല്‍ സമൂഹം പറയും അതു ‘ചതി’ ആണെന്ന്. ഒരാളെ ഒഴിവാക്കിയ ശേഷം (ഒഴിവായ ശേഷവും ആവാം) മറ്റൊരാളെ സ്നേഹിച്ചാല്‍ അതു കുഴപ്പമില്ല. അതാണു നമ്മുടെ സമൂഹത്തിന്‍റെ വിലയിരുത്തല്‍. രണ്ടാമത്തെ സാഹചര്യത്തില്‍ ഒരാള്‍ വഞ്ചിക്കുന്നത് അയാളുടെ മനസ്സിനെത്തന്നെ അല്ലേ. ഒരു കാലത്തു ആത്മാര്‍ഥമായി സ്നേഹിച്ച വ്യക്തിയെ മനസ്സീന്നു ഇറക്കിവിട്ടിട്ട് എങ്ങനെ അവിടെ മറ്റൊരാളെ പ്രതിഷ്ഠിക്കാന്‍ കഴിയും? ഒരിക്കലും ഒരാള്‍ക്കും അതിനു പൂര്‍ണ്ണമായും കഴിയില്ല,സ്വയം അങ്ങിനെ വിശ്വസിപ്പിക്കാനല്ലാതെ.

സ്നേഹം സത്യമാണ്. അതു തെളിയിക്കപ്പെടുന്നത് കാലത്തിന്‍റെ മുമ്പിലാണ്. അതൊരിക്കലും ക്ഷണികമായ ഭ്രമത്തില്‍ നിന്നുള്ളതല്ല. ശാശ്വതമാണ്. അതുകൊണ്ട് തന്നെ ഒരു മനസ്സിനു മറ്റൊരു മനസ്സിനെ മാത്രമേ സ്നേഹിക്കാന്‍ കഴിയൂ, മറ്റ്‌ “ഒരേയൊരു മനസ്സിനെ” മാത്രമേ സ്നേഹിക്കാന്‍ കഴിയൂ.