നിദ്ര തന്‍ നീരാഴി..

നിന്‍റെ പ്രലോഭനത്തില്‍ കീഴ്പ്പെടാത്തവരാരുണ്ട്? അത്ര മേല്‍ കരുത്തുറ്റ നിന്‍റെ നീരാഴി കൈകളില്‍ ചേര്‍ന്നമരാന്‍ കൊതിക്കാത്തവരാരുണ്ട്? കണ്‍പോളകളില്‍ നിന്‍റെ ചുണ്ടുകള്‍ വന്നുരസുമ്പോള്‍ സര്‍വ്വം മറന്നു നിന്നുപോകുമാരും തന്നെ.

ആ നിമിഷങ്ങളില്‍ അനിര്‍വചനീയമായ ഒരു ആനന്ദസാഗരത്തിലേക്കു നീയെന്നെ നയിക്കുന്നു. ആ മായികലോകത്തു ഞാന്‍ നിന്‍റെ അടിമയാണു. അറിഞ്ഞു കൊണ്ട് ഞാന്‍ നിന്‍റെ മുമ്പില്‍ കീഴടങ്ങിയതോ, അതോ ഞാന്‍ പോലുമറിയാതെ നീയെന്നെ കീഴടക്കിയതോ?
എന്‍റെ അന്തരംഗത്തില്‍ ചേക്കേറി നീയെനിക്കു നൂറു നൂറു സുന്ദര സ്വപ്നങ്ങള്‍ കാണിച്ചു തന്നു.

രാത്രിയില്‍ ലോകം ഇരുട്ടിലായിരിക്കുമ്പോഴാണു നിന്‍റെ വരവ്. അടച്ചിട്ട കതകിലൂടെ നീയെങ്ങനെ അകത്തു കടക്കുന്നുവെന്ന് എത്ര അലോചിച്ചിട്ടും എനിക്കു പിടികിട്ടുന്നില്ല.

എന്നാല്‍ മറ്റുചിലപ്പോള്‍ നിന്നെ പ്രതീക്ഷിച്ചു ഞാന്‍ കതക് തുറന്നിട്ടിട്ടുപോലും നീ എന്നെ മറന്ന് മറ്റേതോ സ്വര്‍ഗ്ഗം തേടിപ്പോയി. നക്ഷ്ത്രങ്ങളെണ്ണി രാത്രി മുഴുവന്‍ നിനക്കായി ഞാനിരുന്നിട്ടും നീയെന്നെ തീര്‍ത്തും അവഗണിച്ചു.

പക്ഷേ എനിക്കു നിന്നോട് ഒരിക്കലും പിണങ്ങാന്‍ കഴിയില്ലല്ലോ…അതു നിനക്കും നാന്നയറിയാം..അതുകൊണ്ടാണല്ലോ, അടുത്ത പകല്‍ തന്നെ നീയെന്നെ തേടി വീണ്ടും വന്നത്.

പക്ഷേ നിന്‍റെ പ്രലോഭനത്തിനു വഴങ്ങാതെ സൂര്യനണയുവോളം ഞാന്‍ നിനക്കായ് കാത്തിരുന്നു. ക്ഷമയോടെ നീയും എനിക്കു കൂട്ടിരുന്നു. അങ്ങിനെ വീണ്ടും ആ രാവില്‍ നമ്മളൊന്നായി, ആനന്ദസാഗരത്തില്‍ സ്വപ്നങ്ങള്‍ നെയ്തു..

%d bloggers like this: